ജൈവ വൈവിധ്യ പരിപാലനം

 

ജൈവവൈവിധ്യ പരിപാലന സമിതി

Biodiversity Management Committees (BMCs)

“പ്രാദേശികതല പരിപാലന സമിതി – ജൈവവൈവിധ്യ കാവൽക്കാർ”

🌳 കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (KSBB) 🌳

 

📚 ജൈവവൈവിധ്യ പരിപാലന സമിതികൾ 🌿

“പ്രാദേശികതല പരിപാലന സമിതി – ജൈവവൈവിധ്യ കാവൽക്കാർ” 

ജൈവവൈവിധ്യ സംരക്ഷണവും ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗവും ഉറപ്പുവരുത്തുക, അതുമായി ബന്ധപ്പെട്ട അറിവുകളുടെ വിനിയോഗത്തിൽ നിന്നും ലഭ്യമാകുന്ന പ്രയോജനങ്ങളുടെ തുല്യവും നീതിയുക്തവുമായ പങ്കുവെയ്ക്കൽ സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2002 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ജൈവവൈവിധ്യ നിയമത്തിന്റെ നിയമ നിർവ്വഹണം ത്രിതല സംവിധാനം ഉപയോഗിച്ച് അധികാര വികേന്ദ്രീകരണത്തിലൂടെയാണ് നടപ്പിലാക്കുന്നത്.

ജൈവവൈവിധ്യ നിയമത്തിന്റെ ത്രിതല നിർവ്വഹണ സംവിധാനത്തിൽ ദേശീയതലത്തിൽ – ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും (NBA), സംസ്ഥാനതലത്തിൽ – സംസ്ഥാന ജൈവവൈവിധ്യ ബോർഡുകളും (SBBs) പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ നിയമത്തിലെ വ്യവസ്ഥകൾ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നടപ്പിലാക്കണമെങ്കിൽ അതിനുവേണ്ട പ്രവർത്തനങ്ങൾ പ്രാദേശികതലത്തിൽ തുടങ്ങേണ്ടതുണ്ട്. ഇപ്രകാരം ജൈവവൈവിധ്യ നിയമത്തിന്റെ ത്രിതല നിർവ്വഹണത്തിലെ മൂന്നാമത്തേതും അടിസ്ഥാനപരവുമായ സംവിധാനമാണ് ജൈവവൈവിധ്യ പരിപാലന സമിതികൾ (Biodiversity Management Committees – BMCs).

📜 നിയമസംവിധാനങ്ങൾ

  1. അന്താരാഷ്ട്ര ജൈവവൈവിധ്യ ഉടമ്പടി (CBD 1992);
  2. ജൈവവൈവിധ്യ നിയമം, 2002 (ഭേദഗതി, 2023);
  3. കേന്ദ്ര ജൈവവൈവിധ്യ ചട്ടങ്ങൾ, 2004 (ഭേദഗതി, 2024);
  4. കേരള സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങൾ, 2008;
  5. എ.ബി.എസ്. നിയമവ്യവസ്ഥകൾ, 2014 (ഭേദഗതി, 2025).

🏛️ നിർവ്വഹണ സംവിധാനങ്ങൾ

  1. വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം;
  2. ദേശീയ ജൈവവൈവിധ്യ അതോറിറ്റി;
  3. സംസ്ഥാന ജൈവവൈവിധ്യ ബോർഡുകൾ / ബയോഡൈവേഴ്സിറ്റി കൗൺസിലുകൾ;
  4. ജൈവവൈവിധ്യ പരിപാലന സമിതികൾ.

🤝 സഹായക സംവിധാനങ്ങൾ (കേരളത്തിൽ)

  1. സംസ്ഥാനതല ജൈവവൈവിധ്യ സ്റ്റിയറിംഗ് കമ്മിറ്റി;
  2. ജില്ലാതല ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റികൾ (DBCC);
  3. വിർച്വൽ ബയോഡൈവേഴ്സിറ്റി കേഡർ (അനുബന്ധ വകുപ്പുകൾ);
  4. ജില്ലാതല ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് (TSG).

🎯 പ്രവർത്തന ലക്ഷ്യങ്ങൾ

  1. കുൻമിംഗ്–മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ഫ്രെയിംവർക്ക് (KM-GBF);
  2. ദേശീയ ജൈവവൈവിധ്യ ആസൂത്രണ കർമ്മപദ്ധതി (NBSAP);
  3. സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കർമ്മപദ്ധതി (SBSAP);
  4. പ്രാദേശിക ജൈവവൈവിധ്യ ആസൂത്രണ കർമ്മപദ്ധതി (LBSAP).

 

2003

ദേശീയ ജൈവവൈവിധ്യ അതോറിറ്റി (NBA) രൂപീകരണം

2005

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (KSBB) നിലവിൽ വന്നു.

2012

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും BMCകൾ രൂപീകരിച്ചു.

2019

ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും BMCകൾ രൂപീകരിച്ചു.

2016 & 2021

BMC പുനർരൂപീകരണം

 

🎯 ബി.എം.സി.യുടെ പ്രധാന ലക്ഷ്യങ്ങൾ 🌳

  • ആവാസകേന്ദ്രങ്ങൾ, സസ്യ-ജന്തുജാലങ്ങൾ, പരമ്പരാഗത ഇനങ്ങൾ, കർഷകയിനങ്ങൾ, വിളകൾ, വളർത്തുമൃഗങ്ങൾ, സൂക്ഷ്മജീവികൾ എന്നിവയുടെ സംരക്ഷണം, പരമ്പരാഗത അറിവുകളുടെ ക്രോഡീകരണം.
  • ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗം ഉറപ്പാക്കൽ.
  • ജൈവവിഭവങ്ങളുടെ ഉപയോഗത്തിൽ നിന്നുണ്ടാകുന്ന പ്രയോജനങ്ങളുടെ നീതിയുക്തമായ പങ്കുവെയ്ക്കൽ നടപ്പാക്കുക.

❓ ബി.എം.സി. അംഗങ്ങൾ ആരൊക്കെയാവാം?

ജൈവവൈവിധ്യം സംബന്ധമായ പരമ്പരാഗത അറിവുടമകൾ, കർഷകർ, തടി ഇതര വനവിഭവങ്ങൾ ശേഖരിക്കുന്നവർ/വിൽപ്പനക്കാർ, മത്സ്യബന്ധന ജീവനക്കാർ, ജൈവവൈവിധ്യം ഉപയോഗിക്കുന്നവരുടെ സംഘടനകളിലെ അംഗങ്ങൾ, സാമൂഹിക സേവകർ, അദ്ധ്യാപകർ, ഗവേഷകർ, ബി.എം.സി. പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയുമെന്ന വിശ്വാസമുള്ള ഏതെങ്കിലും സന്നദ്ധസംഘടനയിലെ വ്യക്തികൾ/ സർവീസിലുള്ളതോ വിരമിച്ചതോ ആയ സർക്കാർ അർദ്ധസർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരെയാണ് ബി.എം.സി. അംഗങ്ങളായി ഭരണസമിതി തെരഞ്ഞെടുക്കേണ്ടത്.

📌 ബി.എം.സി. ഘടന

  • ആകെ അംഗങ്ങൾ: 11 പേർ
  • ബി.എം.സി. ചെയർപേഴ്സൺ: തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷൻ
  • മെമ്പർ സെക്രട്ടറി: തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി
  • മറ്റ് അംഗങ്ങൾ: ഭരണസമിതി നോമിനേറ്റ് ചെയ്യുന്ന 9 അംഗങ്ങൾ
  • പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട അംഗങ്ങൾ: ഒരാൾ
  • വനിതാ പ്രാതിനിധ്യം 50 ശതമാനമെങ്കിലും ഉറപ്പാക്കാവുന്നതാണ്.
  • അംഗങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ താമസിക്കുന്നവരും വോട്ടർ പട്ടികയിൽ പേരുള്ളവരുമായിരിക്കണം.
  • ബി.എം.സി. കാലാവധി – 5 വർഷം.

 

⚖️ ബി.എം.സി.യുടെ നിയമപരമായ ചുമതലകൾ 📜

(ജൈവവൈവിധ്യ (ഭേദഗതി) നിയമം 2023, വകുപ്പ് 7(3), 37, 41, 43–47, കേന്ദ്ര ജൈവവൈവിധ്യ (ഭേദഗതി) ചട്ടങ്ങൾ 2024, ചട്ടം 19, 2008 ലെ കേരള സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങൾ, ചട്ടം 20–22 എന്നിവ പ്രകാരം)

I. 🌱 ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര പരിപാലനവും പ്രോത്സാഹിപ്പിക്കൽ

  1. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗവും പ്രോത്സാഹിപ്പിക്കുക.
  2. ആവാസവ്യവസ്ഥകളുടെ പരിപാലനം.
  3. പരമ്പര്യ ഇനങ്ങൾ, നാടൻ ഇനങ്ങൾ, വളർത്തിനങ്ങൾ, കന്നുകാലികൾ, സൂക്ഷ്മാണുക്കൾ തുടങ്ങിയവയെയും അവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളെയും സംരക്ഷിക്കുക.
  4. പ്രാദേശിക ജൈവവൈവിധ്യ ആസൂത്രണ കർമ്മപദ്ധതികൾ (Local Biodiversity Strategy and Action Plan – LBSAP) ആവിഷ്കരിച്ച് നടപ്പിലാക്കുക.
  5. ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങൾ (BHS-OECM) കണ്ടെത്തുകയും പരിപാലിക്കുകയും ചെയ്യുക.

II. 📚 ജൈവവിഭവങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ രേഖപ്പെടുത്തൽ / സംരക്ഷിക്കൽ

  1. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പി.ബി.ആർ.) തയ്യാറാക്കുകയും കാലോചിതമായി പുതുക്കുകയും ചെയ്യുക.
  2. ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുക.
  3. പ്രാദേശികമായിട്ടുള്ള ജൈവവിഭവങ്ങളുടെയും തത്സംബന്ധമായ അറിവുകളുടെയും മേലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡിനെയും സഹായിക്കുക.

III. 💰 ജൈവവിഭവങ്ങളുടെ വാണിജ്യപരമായ സുസ്ഥിരോപയോഗം പ്രോത്സാഹിപ്പിക്കൽ

  1. വാണിജ്യപരമായ ആവശ്യങ്ങൾക്ക് ജൈവവിഭവങ്ങൾ ശേഖരിക്കുന്നവരിൽ നിന്നും ശേഖരണ ഫീസ് (ലെവി) ഈടാക്കുക.
ക്രമ നമ്പർവാണിജ്യാവശ്യത്തിനായി ശേഖരിക്കുന്ന ജൈവവിഭവത്തിന്റെ അളവ്ഈടാക്കേണ്ട ശേഖരണ ഫീസ് (ലെവി) (രൂ.)
11000 കി.ഗ്രാം വരെ100/-
21000 – 5000 കി.ഗ്രാം500/-
35000 – 10000 കി.ഗ്രാം1000/-
410000 – 25000 കി.ഗ്രാം2000/-
  1. കൃഷി ചെയ്ത് വളർത്തുന്ന ഔഷധസസ്യങ്ങൾക്ക് ഉറവിട സർട്ടിഫിക്കറ്റ് (Certificate of Origin) നൽകുക.

 

💰 IV. ജൈവവിഭവ പരിപാലന ഫണ്ട് – സ്വരൂപീകരണം, നടത്തിപ്പ്, റിപ്പോർട്ടിംഗ് 🌿

  1. തദ്ദേശീയ ജൈവവൈവിധ്യ ഫണ്ട് (Local Biodiversity Fund – LBF) രൂപീകരിക്കുക.
  2. ബി.എം.സി.യ്ക്ക് ലഭിക്കുന്ന ആനുകൂല്യം പങ്കുവെയ്ക്കൽ (ABS) തുക, ഫീസുകൾ, ലെവി, ഗ്രാന്റുകൾ, സി.എസ്.ആർ., സി.ഇ.ആർ. ഫണ്ടുകൾ എന്നിവ തദ്ദേശീയ ജൈവവൈവിധ്യ ഫണ്ടിൽ വരവ് വയ്ക്കേണ്ടതാണ്.
  3. തദ്ദേശീയ ജൈവവൈവിധ്യ ഫണ്ട് പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ–പരിപാലന–പരിപോഷണ പ്രവർത്തനങ്ങൾക്ക് വിനിയോഗം ചെയ്യുക.
  4. മൂന്ന് മാസത്തിലൊരിക്കൽ (വർഷത്തിൽ 4 യോഗം) ബി.എം.സി. യോഗം ചേരുകയും മിനിറ്റ്സ് രേഖപ്പെടുത്തുകയും ചെയ്യുക.
  5. ബി.എം.സി.യുടെ വാർഷിക പ്രവർത്തന റിപ്പോർട്ട് അതത് സാമ്പത്തിക വർഷങ്ങളിൽ ഓഡിറ്റ് ചെയ്ത അക്കൗണ്ട് സഹിതം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും സംസ്ഥാന ജൈവവൈവിധ്യ ബോർഡിനും ജില്ലാ മജിസ്ട്രേറ്റിനും ലഭ്യമാക്കുക.

 

🏛️ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ 📋

1. ബി.എം.സി.കൾ പ്രദേശത്തെ “പരിസ്ഥിതി കാവൽസംഘം” ആയി പ്രവർത്തിക്കുക. 
(13.05.2013 ലെ സ.ഉ.(അച്ചടി)നം.04/13/പരി. നമ്പർ സർക്കാർ ഉത്തരവ്) 

2. ജൈവവൈവിധ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വർക്കിംഗ് ഗ്രൂപ്പിൽ ബി.എം.സി. അംഗങ്ങളെ ഉൾപ്പെടുത്തുക. 
(19.09.2018 ലെ സ.ഉ.(സാധാ)നം.2462/2018/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്) 

3. ജൈവവൈവിധ്യ നിയമം നടപ്പിലാക്കുന്നതിനും പരിസ്ഥിതി കാവൽസംഘങ്ങളായി പ്രവർത്തിക്കുന്നതിനും നോഡൽ ഓഫീസർമാരായ ബന്ധപ്പെട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ സേവനം പ്രയോജനപ്പെടുത്തുക. 
(16.01.2019 ലെ സ.ഉ.(സാധാ)നം.19/2019/വനം&വന്യജീവി നമ്പർ സർക്കാർ ഉത്തരവ്) 

4. പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങൾ / വൃക്ഷങ്ങൾ (Local Biodiversity Heritage Sites/Trees – LBHS) കണ്ടെത്തി പ്രഖ്യാപിക്കുക. 
(03.03.2020 ലെ സ.ഉ.(അച്ചടി)നം.05/20/പരി. നമ്പർ സർക്കാർ ഉത്തരവ്) 

5. ജില്ലാതലത്തിൽ ബി.എം.സി.കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ സബ് കമ്മിറ്റിയായി രൂപീകരിച്ചിട്ടുള്ള ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി (DBCC)യുടെ സാങ്കേതിക നേതൃത്വവും സഹായ സഹകരണവും പ്രാദേശികതലത്തിൽ ബി.എം.സി.കളുടെ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുക. 
(20.10.2022 ലെ സ.ഉ.(സാധാ)നം.2550/2022/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്) 

6. ബി.എം.സി. യോഗം ചേരുന്ന വേളയിൽ ഓരോ ബി.എം.സി. അംഗങ്ങൾക്കും 250/- രൂപ വീതം സിറ്റിംഗ് ഫീ അനുവദിക്കുക. 
(23.06.2025 ലെ സ.ഉ.(സാധാ)നം.1550/2025/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്) 

7. ബി.എം.സി.കൾക്കുള്ള സാങ്കേതിക സഹായത്തിനായി കേരള സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങൾ 2008, ചട്ടം 20 (6) പ്രകാരം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകരിച്ചിട്ടുള്ള ജില്ലാതല ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് (ടി.എസ്.ജി.) അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുകയും പ്രസ്തുത സേവനത്തിന് ഓണറേറിയമായി 1000/- രൂപ അനുവദിക്കുകയും ചെയ്യുക. 
(23.06.2025 ലെ സ.ഉ.(സാധാ)നം.1551/2025/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്) 

8. പ്രാദേശികതലത്തിൽ സംരക്ഷണ പ്രാധാന്യമുള്ള സ്പീഷിസുകളെ ജില്ലയിലെ ഔദ്യോഗിക സ്പീഷിസുകളായി പ്രഖ്യാപിക്കുക. 
(13.10.2025 ലെ സ.ഉ.(കൈ)നം.3/2025/പരി. നമ്പർ സർക്കാർ ഉത്തരവ്) 

9. ജൈവവിഭവങ്ങളിൽ നിന്നുള്ള പ്രയോജനങ്ങൾ നീതിയുക്തമായി പങ്കുവെയ്ക്കുന്നതിനും ജൈവവിഭവങ്ങളിൽ പ്രാദേശിക സമൂഹങ്ങൾക്കുള്ള അവകാശങ്ങൾ പരിഗണിക്കുന്നതിനും അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള എ.ബി.എസ്. സെല്ലിന്റെ സേവനം പ്രയോജനപ്പെടുത്തുക. 
(29.08.2025 സ.ഉ.(കൈ)നം.1/2025/പരി. നമ്പർ സർക്കാർ ഉത്തരവ്) 

 

📖 കൂടുതൽ വായനയ്ക്ക് 🌏

  • ജൈവവൈവിധ്യ (ഭേദഗതി) നിയമം 2023
  • ജൈവവൈവിധ്യ (ഭേദഗതി) ചട്ടങ്ങൾ 2024
  • കേരള സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങൾ 2008
  • ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ എ.ബി.എസ്. നിയമവ്യവസ്ഥകൾ
  • 2025 ലെ അനുബന്ധ വ്യവസ്ഥകൾ

📧 ഇ-മെയിൽ: keralabiodiversity@gmail.com 
🌐 വെബ്സൈറ്റ്: www.keralabiodiversity.org