ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1920 കാലഘട്ടം മുതല്‍ കൈത്തറി നെയ്ത്ത് ഈ പഞ്ചായത്തില്‍ വ്യാപകമായി നിലനിന്നിരുന്നു. ഉടമകളില്‍ നിന്നും സംഘങ്ങളില്‍ നിന്നും കഴി കണക്കിന് നൂല് വാങ്ങി വീടുകളില്‍ കൊണ്ടുപോയി താരുചിറ്റി അതു ഉടമയെ ഏല്‍പ്പിച്ച് അടുത്തതു കൊണ്ടുപോയി താരുചിറ്റുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. വീടുകളില്‍ കൊണ്ടുവരുന്ന നൂല് സ്ത്രീകളും മക്കളും വീട്ടിലെ മറ്റു കാര്യങ്ങള്‍ ഒതുക്കി, ചെയ്തുവന്നിരുന്നതുകൊണ്ട് ചെറുതാണെങ്കിലും ഒരു നിശ്ചിത വരുമാനം ലഭിച്ചുകൊണ്ടിരുന്നു. വീടുകളിലും കൈത്തറി ഇട്ട് വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് വിറ്റഴിച്ച് ഉപജീവനം നടത്തിക്കൊണ്ടിരുന്നവരും ഉണ്ടായിരുന്നു. കൈത്തറിയില്‍ ഉണ്ടാക്കിയിരുന്ന കൈലിമുണ്ടുകള്‍, തൂവര്ത്തുമുണ്ടുകള്, ബാലാമണിയന് മുണ്ടുകള്‍ എന്നിവ വീടുകളില്‍ കൊണ്ടുപോയി വിറ്റഴിച്ചിരുന്നു.കളിമണ്‍ കരകൌശല പാത്രനിര്‍മ്മാണം പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വരുന്ന പെരുവംമൂഴി, പാറയ്ക്കല്തുരുത്ത്, കോളാതുരുത്ത്, ആവുണ്ട എന്നീ ഭാഗങ്ങളില്‍ നിലനിന്നിരുന്നു. മണ്‍പാത്രങ്ങള്‍ ഉണ്ടാക്കുവാന്‍ പറ്റിയ കളിമണ്ണ് ഈ പ്രദേശത്ത് സുലഭമായി ലഭിച്ചിരുന്നു. കളിമണ്‍ പാത്രനിര്‍മ്മാണം കുലത്തൊഴിലാക്കിയിട്ടുള്ള വേളാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ഈ ജോലി ചെയ്തിരുന്നത്. കളിമണ്‍ ശേഖരിച്ച് കായികശേഷി ഉപയോഗിച്ച് മണ്ണ് കൂടുതല്‍ പശിമയുള്ളതാക്കി ചക്രത്തില്‍ വെച്ച് കറക്കി കൈയുടെ കലാവിരുതുകൊണ്ട് വിവിധതരം മണ്‍പാത്രങ്ങള്‍ നിര്‍മ്മിച്ച് ദൂരെ സ്ഥലങ്ങളില്‍ തലചുമടായി കൊണ്ടുനടന്ന് വിറ്റഴിച്ച് ഉപജീവനം കഴിച്ചിരുന്നവരാണ് ഈ വിഭാഗക്കാര്‍1949-ല്‍ എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള മൂവാറ്റുപുഴ പട്ടണത്തിലുള്ള മലഞ്ചരക്ക്, വളം, പാത്രകച്ചവടം എന്നിവ നടത്തിയിരുന്നവരില്‍ പ്രമുഖര്‍ ഈ പഞ്ചായത്തില്പ്പെട്ടവരായിരുന്നു. 1930 മുതല്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കരിപ്പെട്ടി ശര്‍ക്കര ഉല്പാദിപ്പിച്ച് വിറ്റഴിച്ചിരുന്നു. ചക്കും, കാളയും ഉപയോഗിച്ചാണ് കരിമ്പ് ആട്ടി നീരെടുത്തിരുന്നത്. 1955 കാലഘട്ടം മുതല്‍ സര്‍ക്കാരിന്റെയും മറ്റു പൊതു മേഖലാ സ്ഥപനങ്ങളുടേയും നിര്‍മ്മാണ ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തിവന്നിരുന്ന കോണ്‍ട്രാക്ടര്‍മാര്‍ ഈ പഞ്ചായത്തിലുണ്ടായിരുന്നു. പുരാതനകാലം മുതലെ ഈറ്റ, തഴ എന്നിവ ഉപയോഗിച്ച് പനമ്പ്, കൊട്ട, വട്ടി, പായ് എന്നിവ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാക്കിയിരുന്നു. വീടുകളില്‍ ഇരുന്ന് ഉല്പന്നങ്ങള് നിര്‍മ്മിക്കുന്ന നിരവധിപ്പേര്‍ ഈ പഞ്ചായത്തിലുണ്ടായിരുന്നു.1960 കാലഘട്ടങ്ങളില്‍ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് യന്ത്രത്തിന്റെ സഹായത്തോടെ ആദ്യത്തെ തടിമില്‍ നിലവില്‍ വന്നു. 1970-കാലഘട്ടം മുതല്‍ ഈ പരമ്പരാഗത വ്യവസായ യൂണിറ്റുകള്‍ ക്ഷയിച്ചു തുടങ്ങി.1940-കാലഘട്ടങ്ങളില്‍ റോഡുമാര്‍ഗ്ഗമുള്ള ഗതാഗതം പരിമിതമായിരുന്നു. പഞ്ചായത്ത് അതിര്‍ത്തിയില്‍ കൂടി ഒഴുകുന്ന മൂവാറ്റുപുഴ ആറില്‍കൂടി വലിയ പത്തേമാരിയില്‍ തടിയും മറ്റു സാധനങ്ങളും കയറ്റി ആലപ്പുഴയിലും മറ്റും വിറ്റഴിച്ചിരുന്നു. വലിയ കെട്ടുവള്ളത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റി ചേര്‍ത്തല, കുത്തിയതോട്, എറണാകുളം മാര്‍ക്കറ്റുകളില്‍ കൊണ്ടുപോയി വിറ്റഴിച്ച കാലഘട്ടമുണ്ടായിരുന്നു. തുടര്‍ന്ന് കാളവണ്ടികളുടെ യുഗവും യന്ത്രവല്‍കൃത വാഹനങ്ങളുടെ വരവോടെ യാത്രാസൌകര്യങ്ങളും വര്‍ദ്ധിച്ചു. 1946-കാലഘട്ടം മുതല്‍ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്ന മൂവാറ്റുപുഴ എറണാകുളം റൂട്ടില്‍ ബസ് സര്‍വ്വീസ് നടത്തി തുടങ്ങിയിട്ടുള്ളതാണ്. 1960-കളില്‍ വാളകം മണ്ണൂര്‍ റോഡും, 1970-കളില്‍ അമ്പലപടികടാതി മേക്കടമ്പ് മഴുവന്നൂര്‍ റോഡുകളും 1990 കടാതി-കടയ്ക്കനാട് റോഡും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയുണ്ടായി. 1990-കളില്‍ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്ന കോതമംഗലം-തൃപ്പൂണിത്തുറ റോഡ് ഭാരത സര്‍ക്കാര്‍ മധുര-കൊച്ചി (എന്‍.എച്ച്-49) നാഷണല്‍ ഹൈവേ ആയി പ്രഖ്യാപിച്ചു. പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ വാളകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാലയങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകരുടെ മഹത്തായ സംഭാവനകളാണ് വാളകം മാര്‍സ്റ്റീഫന്‍ ഹൈസ്കൂളും വാളകം എം.റ്റി.എല്‍.പി.സ്കൂളും.