വാര്‍ത്തകളും അറിയിപ്പുകളും
'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ടത്തിന് നിർണായകമായ തുടക്കം
കേരളത്തെ ലഹരിമുക്തമാക്കുന്നതിനായി സർക്കാരും സംസ്ഥാന പോലീസും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ടത്തിന് നിർണായകമായ ജനകീയ പങ്കാളിത്തത്തോടെ ഔദ്യോഗിക തുടക്കമായി. 2026 സെപ്റ്റംബർ 28 രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പദ്ധതിയുടെ രണ്ടാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിച്ചു.'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി വാളകം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ഉദ്ഘാടനത്തിന്റെ ഭാഗമായി അന്നേ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജിത സുധാകരന് തൂഫാൻ പതാക ഉയർത്തുകയും, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ സാബു ജോണ്‍ പദ്ധതി ഔപചാരികപരമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൂടാതെ വാർഡ് തലത്തിൽ 'തൂഫാൻ വാരിയേഴ്സ്' എന്ന ജനകീയ സേനയ്ക്ക് രൂപം നൽകുകയും അവർക്ക് 'തൂഫാൻ വാരിയേഴ്സ്' ബാഡ്ജ് സമ്മാനിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. ജിജോ പാപ്പാലില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, നിർവ്വഹണ ഉദ്യോഗസ്ഥർ,കുടുംബശ്രീ ഹരിതകർമ്മസേന അംഗങ്ങൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം മൂവാറ്റുപുഴ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീമതി. ബിജി മാത്യു ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് നയിച്ചു.